ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത നടപടി സ്റ്റേചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. മനുഷ്യാവകാശ സംഘടനയായ മാനുഷിയുടെ സ്ഥാപക മധു കിഷ്വാറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. പല സുപ്രധാന വിധികളും ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് രഞ്ജന്‍ ഗോഗോയ് പ്രസ്താവിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് ഇടയാക്കുന്നവ പോലുമായിരുന്നു അതില്‍ ചിലത്. ഈ വിധികള്‍ക്കുമേല്‍ സംശയത്തിന്റെ നിഴല്‍വീഴ്ത്താന്‍ ഇടയാക്കുന്നതാണ് ഇപ്പോഴത്തെ നിയമനം.
ജുഡീഷ്യറിയുടെ ശക്തിയെന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത് ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പാക്കാനാണെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.