പയ്യോളി : ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മൂന്നാം പ്രതിയായ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി ചിങ്ങപുരം കൊയിലോത്ത് മൊയ്തീന്‍ ഹാജി (64) നെയാണ് പയ്യോളി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് നാല് കേസുകള്‍ ആണ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.
ഇതില്‍ ഒന്നും രണ്ടും പ്രതികളായ സാബിര്‍ വി.പി, സബീല്‍.പി തൊടുവയില്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രതിയെ കൂടാതെ പയ്യോളി കേസില്‍ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. സ്ഥാപനം അടച്ച് പൂട്ടുമ്പോള്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്ന അഞ്ച് കിലോയോളം സ്വര്‍ണ്ണം മാറ്റിയത് ഈ പ്രതികള്‍ ആണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വടകര സബ് ജയിലിലേക്ക് മാറ്റി. പയ്യോളി എസ്ഐ എ.കെ. സജീഷ്, എഎസ്ഐ പി.ഉണ്ണികൃഷ്ണന്‍, എസ് സിപിഒ എം.അനില്‍കുമാര്‍, കെ.സോമ്നി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.