ന്യൂഡല്‍ഹി : സ്വര്‍ണ പണയ വായ്പയ്ക്ക് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നല്‍കുന്ന ബാങ്കുകകളും NBFC കൾ ഉൾപ്പടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അണ്ടര്‍റൈറ്റിങ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയതായാണ് ലഭിക്കുന്ന വിവരം. അപേക്ഷകൻ ക്രെഡിറ്റ് യോഗ്യനാണോ എന്ന് ബാങ്ക് തീരുമാനിക്കുന്ന പ്രക്രിയയാണ് അണ്ടര്‍റൈറ്റിങ്. കര്‍ശന നടപടികളിലേക്ക് പോകുന്നതോടെ വായ്പ ലഭിക്കുക എന്നത് ബുദ്ധിമുട്ടാകും. ഇതിനൊപ്പം വായ്പ ലഭിച്ച പണം എങ്ങനെ ഉപയോഗിക്കുന്നൂ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നു.
ബാങ്കുകളും സ്വര്‍ണ പണയം നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പയ്ക്ക് അപേക്ഷ നല്‍കിയാളുടെ പശ്ചാത്തലം പഠിക്കണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം പണയം വെയ്ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന്‍റെ ഉടമസ്ഥാവകാശവും വെരിഫൈ ചെയ്യണം. സ്വര്‍ണ പണയ വായ്പയില്‍ പിന്തുടരുന്ന തെറ്റായ രീതികൾ, സ്ഥാപനങ്ങൾ തന്നെ നടത്തുന്ന മുക്കുപണ്ട പണയ തട്ടിപ്പുകൾ എന്നിവ തടയുകയും മേഖലയിൽ സാമ്പത്തിക സ്ഥിരത നിലനിർത്തുകയും വേണം. ഇതിനായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ പണയ വായ്പ നല്‍കാന്‍ ഏകീകൃത മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആര്‍ബിഐയുടെ ആവശ്യം. കഴിഞ്ഞ 12 മുതൽ 16 മാസങ്ങൾക്കുള്ളിൽ നടത്തിയ ഓഡിറ്റുകളിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പോർട്ട്‌ഫോളിയോകളിൽ ആര്‍ബിഐ ക്രമക്കേടുകള്‍ കണ്ടെത്തി. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ അറിയിക്കാതെ ബാങ്കുകള്‍ സ്വർണം ലേലം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒരു സ്ഥാപനവും മറികടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വായ്പക്കാരെയും ഒരേപോലെ പരിഗണിക്കണമെന്നുമാണ് ആര്‍ബിഐയുടെ ആവശ്യം.
സ്വർണ്ണപ്പണയ വായ്പകൾ അനിയന്ത്രിതമായി വർദ്ധിക്കുന്നുവെന്നത് വസ്തുതയാണ്. 2024 സെപ്റ്റംബർ മുതൽ ബാങ്കുകളിൽ സ്വർണ്ണപ്പണയ വായ്പ 50% വരെ വർദ്ധിച്ചിട്ടുണ്ട്. NBFC കളിൽ സ്വർണ്ണപ്പണയ വായ്പാ നിരക്ക് കുറയുന്നുണ്ടെങ്കിലും ബാങ്കുകളിൽ വൻതോതിൽ വർദ്ധിക്കുന്നുണ്ട്. പലിശ നിരക്കിലെ വൻ വ്യത്യാസമാണ് ഇടപാടുകാരെ ഷെഡ്യൂൾഡ് ബാങ്കുകളിലേക്ക് ആകർഷിക്കാൻ പ്രധാന കാരണം. NBFC കൾ പലതും ഇടപാടുകാരുടെ പേരിൽ വൻതോതിൽ മുക്കുപണ്ടം പണയം വച്ച് നിക്ഷേപകരെയും ഇടപാടുകാരെയും ഷെഡ്യൂൾഡ് ബാങ്കുകളെയും കബളിപ്പിക്കുന്നതായി നിരവധി പരാതികൾ റിസർവ്വ് ബാങ്കിനുൾപ്പടെ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ നടപടികൾ വരുന്നത്.