ദുബൈ: ഇന്ത്യൻ രൂപയടക്കം ഏഷ്യൻ കറൻസികളുടെ മൂല്യം കുറഞ്ഞു നിൽക്കുന്നത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ നേട്ടമാകുന്നു. സമീപ വർഷങ്ങളിലെ ദുർബലമായ നിലകൾക്ക് സമീപമാണ് രൂപ തുടരുന്നത്. ഇതോടെ ഒരു ദിർഹത്തിന് നാട്ടിൽ കൂടുതൽ പണം ലഭിക്കുന്ന സാഹചര്യമാണുള്ളത്. വ്യാഴാഴ്ച ഇന്ത്യൻ രൂപ ദിർഹത്തിനെതിരെ 26.12 നിലവാരത്തിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രൂപ നേരിയ നേട്ടമുണ്ടാക്കിയെങ്കിലും ദിർഹത്തിന്‍റെ മൂല്യം ഇപ്പോഴും ഉയർന്ന നിലയിലാണ്. അതിനിടെ ദുബൈയിൽ സ്വർണ വില വർധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് നാല് ദിർഹം വർധിച്ചാണ് വിപണി തുറന്നത്. എണ്ണവില കുറഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറയുന്നതുമാണ് സ്വർണവിലയെ പിന്തുണച്ചത്.
24 കാരറ്റ് സ്വർണം ഗ്രാമിന് 503.75 ദിർഹം എന്ന നിരക്കിലാണ് വ്യാഴാഴ്ച വിപണി തുറന്നത്. ബുധനാഴ്ച വിപണി അവസാനിക്കുമ്പോൾ 24 കാരറ്റിന് 499.75 ദിർഹമായിരുന്നു വില. 18, 21, 22 കാരറ്റുകൾക്കും വില വർധിച്ചിട്ടുണ്ട്. 22 കാരറ്റിന് 466.50 ദിർഹം, 21 കാരറ്റിന് 447.25 ദിർഹം, 18 കാരറ്റിന് 383.25 ദിർഹം, 14 കാരറ്റിന് 299 ദിർഹം എന്നിങ്ങനെയാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ നിരക്ക്.




























