നിഷിൻ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ലങ്കയെ തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. 124 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 45 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ഫൈനലിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറ തുടങ്ങി.
രണ്ടാം ഓവറിൽ ലങ്കൻ ബാറ്റർ ലസിത് റണ്ണൗട്ടായി. നാലാം ഓവറിൽ അക്ഷർ പട്ടേലും രണ്ട് വിക്കറ്റെടുത്തു. അതോടെ ലങ്ക പരുങ്ങലിലായി. നാലോവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിലായിരുന്നു ലങ്ക. സിനെത് ജയവർധന, ലസിത്, സോഹൻ, അഷൻ ഭണ്ഡാര എന്നിവർ ഡക്കായി മടങ്ങി. പിന്നാലെ ബാറ്റർമാർ നിരനിരയായി മടങ്ങി. ചാമിക കരുണരത്‌നെ(4),വനുജ സഹൻ(1), തരിന്ദു രത്‌നായകെ(5) എന്നിവരെല്ലാം മടങ്ങിയതോടെ ലങ്കൻ ഇന്നിങ്‌സ് 45 റൺസിന് അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണെടുത്തത്.
ഇഷാൻ കിഷന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്ത് പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിന് മിന്നും തുടക്കം സമ്മാനിക്കാനായില്ല. അഭിഷേക് ശർമ വെറും ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി. വൺഡൗണായി ഇറങ്ങിയ സഞ്ജുവും ഏഴ് റൺസെടുത്ത് മടങ്ങി. അതോടെ ടീം 24-2 എന്ന നിലയിലായി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. ഓപ്പണർ വൈഭവ് സൂര്യവംശി പതിയെ അടിച്ചുകളിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്‌കോർ അമ്പത് കടന്നത്. താരം 21 പന്തിൽ നിന്ന് 38 റൺസെടുത്ത് പുറത്തായി.
ആറുഫോറുകളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും(13) അക്ഷർ പട്ടേലും(8) പിന്നാലെ മടങ്ങി. വിക്കറ്റുകൾ പോകുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഇഷാൻ കിഷനാണ് ടീമിനെ കരകയറ്റിയത്. ഇഷാൻ ലങ്കൻ ബൗളർമാരെ അടിച്ചുതകർത്തു. അതോടെയാണ് സ്‌കോർ നൂറുകടന്നത്. തിലക് വർമ വെറും രണ്ട് റൺസെടുത്ത് പുറത്തായി. അവസാനഓവറുകളിൽ ഇഷാൻ കിഷൻ വെടിക്കെട്ടോടെ നിറഞ്ഞു. അതോടെ ലങ്ക പ്രതിരോധത്തിലായി. ഏറെക്കുറെ ഒറ്റയ്ക്കാണ് ഇഷാൻ ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്തു. അതോടെ 169 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.































