ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വര്‍ണം തന്നതെന്നാണ് നടിയുടെ മൊഴി. കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകള്‍ വന്നിരുന്നു. സ്വര്‍ണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകള്‍ വന്നത്. സ്വര്‍ണം ആദ്യമായാണ് കടത്തുന്നത്, മുന്‍പ് കടത്തിയിട്ടില്ല. ദുബായ് എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലില്‍ ഗേറ്റ് എ-യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വര്‍ണം തന്ന വ്യക്തിയെ കണ്ടത്. നേരത്തേ സ്വര്‍ണം കൈമാറുന്ന പോയന്റിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു.
വെള്ള കന്തൂറ (അറബ് വസ്ത്രം) ഇട്ട ആള്‍ വന്ന് സ്വര്‍ണപ്പാക്കറ്റ് കൈമാറുമെന്നാണ് പറഞ്ഞത്. രണ്ട് കട്ടിയുള്ള ടാര്‍പോളിന്‍ കവറുകള്‍ തന്ന ശേഷം ഇയാള്‍ നടന്ന് പോയി. ആറടി ഉയരമുള്ള ആഫ്രിക്കന്‍ – അമേരിക്കന്‍ ഇംഗ്ലിഷ് ഉച്ചാരണമുള്ള വെളുത്ത മനുഷ്യന്‍ എന്നാണ് രന്യ ഇയാളെക്കുറിച്ച് പറയുന്നത്. പിന്നീട് ശുചിമുറിയില്‍ പോയാണ് താന്‍ ഈ സ്വര്‍ണക്കട്ടികള്‍ ദേഹത്ത് കെട്ടി വെച്ചതെന്നും രന്യ വെളിപ്പെടുത്തി. യൂട്യൂബ് നോക്കിയാണ് താന്‍ സ്വര്‍ണക്കട്ടി എങ്ങനെ ദേഹത്ത് കെട്ടി വെയ്ക്കാമെന്ന് പഠിച്ചതെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു.