തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന് യുഡിഎഫ് ശ്രമം നടത്തുന്നതായി മന്ത്രി ഇപി ജയരാജന്‍. കേരളത്തിന്റെ വികസനത്തിലും മുഖ്യമന്ത്രിയുടെ ജനപിന്തുണയിലും പ്രതിപക്ഷം അസംതൃപ്തരാണ്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ വരണമെങ്കില്‍ കണ്‍സള്‍ട്ടന്‍സികള്‍ ആവശ്യമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ വരണമെങ്കില്‍ കണ്‍സള്‍ട്ടന്‍സികളെ പരിഗണിക്കണം. വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കണ്‍സല്‍ട്ടന്‍സിയെ ഒഴിവാക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണമാണ് കണ്‍സള്‍ട്ടന്‍സികള്‍ക്കെതിരെ നടത്തുന്നത്. യുഡിഎഫ് കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സികള്‍ പ്രവര്‍ത്തിച്ചു. മന്ത്രിയായിരുന്ന പിജെ ജോസഫ് ജലനിധി പദ്ധതിക്ക് സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക്സ് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിനെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചിരുന്നു.
ഇടതുമുന്നണി തുടര്‍ ഭരണത്തിലേക്കെന്ന് വ്യക്തമായപ്പോഴാണ് നിധി വീണു കിട്ടും പോലെ സ്വര്‍ണ്ണക്കടത്ത് കിട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് യുഡിഎഫും ബിജെപിയും ആക്രമിക്കുന്നു. വിദേശത്ത് നിന്ന് വന്ന 14 യാത്രക്കാരില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. സ്വര്‍ണ്ണക്കടത്തില്‍ ബന്ധം ബിജെപിക്കാണ്. ബിജെപിയിലെ പ്രമുഖരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയെ പ്രതിരോധിക്കാനല്ല, കൊറോണ വ്യാപനത്തിന് എന്ത് സംഭാവന നല്‍കാനാവും എന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. എല്ലാ തെളിവും എന്‍ഐഎയും കസ്റ്റംസും ശേഖരിക്കുന്നു. എന്തിനാണ് ബിജെപിയും യുഡിഎഫും ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.