കൊച്ചി: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെന്ന പേരില്‍ കഴിഞ്ഞ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്തുകേസിലെ കൂട്ടു കക്ഷികള്‍ക്ക് മൊഴിയും വിശദീകരണവും കൈമാറി. കേരള പോലീസ് ഇതിന് കൂട്ടുനിന്നു. നഴ്‌സുമാരുടെ ഫോണ്‍ കൂടാതെ വനിതാ പോലീസുകാരുടെ ഫോണും വിനിയോഗിച്ചു. ഇതിന് മറയിടാനും ലഘൂകരിക്കാനുമാണ് സ്വപ്‌നയോടൊപ്പം സെല്‍ഫി എടുത്ത വാര്‍ത്ത വിവാദമാക്കിയത്.
കേരള പോലീസ് സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കുകയാണ്. എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി അഭിഭാഷകന്‍ വഴി സ്വപ്‌നയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതും തുടര്‍ ചോദ്യങ്ങളുണ്ടായാല്‍ നല്‍കേണ്ട മറുപടിയും വനിതാ പോലീസിന്റെ ഫോണുകള്‍ വഴി ചിലര്‍ക്ക് എത്തിക്കുകയായിരുന്നു. ഈ വേളയില്‍ ഫോണുകളിലെ സിം കാര്‍ഡ് മാറിയിരുന്നു. ഫോണ്‍ ഹാന്‍ഡ് സെറ്റ് കോണ്‍ഫിഗറേഷന്‍ വേണ്ടിവരുന്നതിനാല്‍ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി, ജയ്‌സണ്‍, ബിനീഷിന്റെ പുതിയ സുഹൃത്ത് രജീഷ് എന്നിവര്‍ക്കാണ് വിവരങ്ങള്‍ നല്‍കിയത്.
ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമ്പോഴാണ് സ്വപ്‌നയും ജലീലും തമ്മില്‍ ആശയ വിനിമയം നടന്നതായി വ്യക്തമായത്. തുടര്‍ന്നാണ് എന്‍ഐഎ തൊട്ടടുത്ത ദിവസം തന്നെ ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സ്വപ്നയോടുള്ള ചോദ്യങ്ങള്‍ക്ക് കിട്ടിയ മറുപടികളില്‍ പലതും ചോദിക്കും മുമ്പ് ജലീല്‍ വിശദീകരിച്ചു. ജലീല്‍ ഇഡിക്ക് എഴുതിത്തയ്യാറാക്കി നല്‍കിയ പ്രസ്താവനയിലും സ്വപ്‌നയുടെ വിശദീകരണങ്ങള്‍ കടന്നുകൂടിയിരുന്നു.
അതേസമയം, എന്‍ഐഎയുടെ പല ചോദ്യങ്ങള്‍ക്കും മന്ത്രി ജലീല്‍ നല്‍കിയ മറുപടികള്‍ കൃത്യമില്ലാത്തതാണ്. ഖുറാന്‍ കൊണ്ടുവന്നതും കടത്തിയതും കോണ്‍സുലേറ്റുമായുള്ള ബന്ധവും വിദേശ യാത്രകളുടെ വിവരങ്ങളും കോണ്‍സുലേറ്റ് സഹായങ്ങള്‍ വിതരണം ചെയ്തതും സംബന്ധിച്ച വിശദീകണങ്ങളിലാണ് പൊരുത്തക്കേട്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.