തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ജനം ടിവി എഡിറ്റര്‍ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും അനിൽ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നൽകിയ മൊഴി വിശ്വാസയോഗ്യമല്ലാത്തതുകൊണ്ടാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ഉപദേശം നൽകിയിട്ടില്ലെന്ന് അനിൽ നമ്പ്യാർ ഇന്നലെ മൊഴി നൽകിയിരുന്നു. സുഹൃത്തെന്ന നിലയിൽ മറുപടി നൽകുകയാണ് ചെയ്തത്. ബാഗിൽ സ്വർണമാണെന്ന് സ്വപ്ന പറഞ്ഞിരുന്നില്ലെന്നും സ്വപ്നയ്ക്ക് വേണ്ടി ആരേയും വിളിച്ചിട്ടില്ലെന്നും അനിൽ നമ്പ്യാർ പറഞ്ഞു. അനിൽ വസ്തുതകൾ മറച്ച് വെയ്ക്കുന്നതായി കസ്റ്റംസ് സംഘം പറയുന്നു. ബാഗ് തങ്ങളുടേതല്ലെന്ന് കാണിച്ച് കോൺസുൽ ജനറിലിനോട് കത്ത് നൽകാൻ അനിൽ നിർദേശിച്ചതായാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. ഈ പൊരുത്തകേടുകൾ കസ്റ്റംസ് പരിശോധിക്കും.