കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്‌ട് പ്രകാരം മൊഴിയെടുക്കുക. വെള്ളിയാഴ്ച രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി ) ചോദ്യം ചെയ്യലിന് പിന്നാലെയാണ് കസ്റ്റംസ് നീക്കം. ഇക്കാര്യം വ്യക്തമാക്കി മന്ത്രിക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം.
നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയമായിരിക്കും കസ്റ്റംസ് മന്ത്രിയില്‍ നിന്നും ശേഖരിക്കുക. ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്‌ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. കസ്റ്റംസ് ആക്‌ട് 108 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും.
മത ഗ്രന്ഥങ്ങള്‍ എന്ന് രേഖപ്പെടുത്തി യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസില്‍ എത്തിച്ച പാക്കറ്റുകളെ കുറിച്ചും കസ്റ്റംസ് വിശദമായി പരിശോധിക്കും. സി-ആപ്റ്റിന്റെ വാഹനത്തില്‍ ഇവയില്‍ ചില പാക്കറ്റുകള്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിലേക്കും മാറ്റിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
ഇത്തരത്തിലെത്തി സി-ആപ്റ്റ് ഓഫീസില്‍ ബാക്കിയുള്ള പാക്കറ്റുകള്‍ നേരത്തെ കസ്റ്റംസ് തൂക്കപരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയമാക്കിയിരുന്നു. ഇതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രകാരമായിരിക്കും കസ്റ്റംസ് മന്ത്രിയില്‍ നിന്നും മൊഴിയെടുക്കുക. ഇതില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്.
നേരത്തെ കസ്റ്റംസ് ഖുറാന്റെ സാമ്പിള്‍ ശേഖരിച്ച് തൂക്കം പരിശോധിച്ചിരുന്നു. പാക്കറ്റിലുണ്ടായിരുന്ന ഒരു ഖുറാന്റെ തൂക്കം 576 ഗ്രാമായിരുന്നു. നയതന്ത്ര ബാഗേജിലെ എയര്‍വേ ബില്ല് പ്രകാരം 4478 കിലോയാണ് 250 പാക്കറ്റുകളുടെ തൂക്കമായി രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഒരു പാക്കറ്റിന് 17.900 കിലോയാണ് തൂക്കം കാണേണ്ടത്. സാമ്പിളായി പരിശോധിച്ച ഖുറാന്റെ തൂക്കവും ബില്ലില്‍ രേഖപ്പെടുത്തിയ തൂക്കവും തമ്മില്‍ മൊത്തം 14 കിലോയിലേറെ വ്യത്യാസമുള്ളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ജലീല്‍ എടപ്പാളിലെത്തിച്ചത് 32 പാക്കറ്റുകളാണ്. ഇതില്‍ ആകെ 992 ഖുറാന്‍ ഉള്ളതായായാണ് വിവരം. മൊത്തം 7750 ഖുറാനാണ് കാണേണ്ടത്. ബാക്കിയുള്ള 6758 ഖുറാന്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.