തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ യുഎഇ. ഫൈസല്‍ ഫരീദിന് എതിരെ യുഎഇയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്.
കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് നിലപാട് അറിയിച്ചു. സ്വര്‍ണക്കടത്തില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ പറയുന്നു.
ഒക്ടോബര്‍ ആറിനാണ് ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റിലായെന്ന വാര്‍ത്ത എന്‍ഐഎ പുറത്തുവിടുന്നത്. യുഎഇയിലേക്ക് പോയ എന്‍ഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയില്‍ എന്‍ഐഎ പറഞ്ഞിരുന്നു.
അതേസമയം, ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണ് കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതല്‍ ആശ്രയിച്ചതെന്ന് ഫൈസല്‍ ഫരീദ് മൊഴി നല്‍കിയിരുന്നു. ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്‌നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസല്‍ ഫരീദ് ദുബായില്‍ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലില്‍ ഫൈസല്‍ വ്യക്തമാക്കിയിരുന്നു.