കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ തനിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ലെന്ന് എൻഐഎയ്ക്ക് മൊഴി നൽകി യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷ്. പലപ്പോഴും താൻ കോൺസുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നൽകിയിരുന്നെന്നും എന്നാൽ ഇതിൽ സ്വർണ്ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എൻഐഎയോട് പറഞ്ഞത്. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ എൻഐഎയും കസ്റ്റംസും തയ്യാറല്ല. സ്വർണ്ണമടങ്ങിയ ബാഗ് പല തവണ കൊണ്ടുപോയ ജയഘോഷിലേക്ക് കൂടി അന്വേഷണം നീളുമെന്ന സൂചന തന്നെയാണ് എൻഐഎ വൃത്തങ്ങൾ നൽകുന്നത്.
കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷ് ആശുപത്രിയിലാണ്. നയതന്ത്രബാഗ് വാങ്ങാൻ പോയ വാഹനത്തിൽ ജയഘോഷുമുണ്ടായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു എൻഐഎ ജയഘോഷിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ കോൺസുലേറ്റ് വാഹനത്തിൽ സരിത്തിനൊപ്പമാണ് താൻ വിമാനത്താവളത്തിൽ പോയതെന്നും ഇതെല്ലാം നയതന്ത്രബാഗ് വാങ്ങാനെന്നാണ് താൻ കരുതിയതെന്നുമാണ് ജയഘോഷ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പിന്നീട് സ്വർണ്ണക്കടത്ത് പുറത്തായി സരിത്ത് പിടിയിലാവുകയും വാർത്തകൾ പുറത്തുവരികയും ചെയ്തപ്പോഴാണ് ബാഗിൽ സ്വർണ്ണമെന്ന് താൻ അറിഞ്ഞതെന്നും, തനിക്കിതിൽ നേരിട്ട് ഒരു പങ്കുമില്ലെന്നുമാണ് ജയഘോഷ് പറയുന്നത്.
എന്നാൽ ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വാർത്ത പുറത്തുവന്ന ശേഷം വിളിച്ചിട്ടുണ്ടെന്ന കോൾരേഖകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാഗിൽ സ്വർണ്ണമായിരുന്നെന്ന് വാർത്തകൾ പുറത്തുവന്നത് കണ്ടപ്പോൾ ഇതെന്താണെന്നും എന്താണ് സംഭവിച്ചതെന്നും ചോദിക്കാനാണ് താൻ സ്വപ്നയെ വിളിച്ചത് എന്നുമാണ് അന്വേഷണസംഘത്തിന് ജയഘോഷ് നൽകിയിരിക്കുന്ന മൊഴി. ജയഘോഷ് പറഞ്ഞ പല മൊഴികളിലും തീയതികളിലും പൊരുത്തക്കേടുകളുണ്ട്. ഇതിൽ ഇനിയും വിശദീകരണം ആവശ്യമുണ്ട് താനും. അതിനാൽത്തന്നെ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം ജയഘോഷിന്‍റെ ഗൺമാൻ നിയമനത്തിലും എൻഐഎയ്ക്ക് സംശയമുണ്ട്. ജയഘോഷിന്‍റെ ആത്മഹത്യാശ്രമം ഒരു നാടകമാണോ എന്നും ഇതൊരു തിരക്കഥയുടെ ഭാഗമാണോ എന്നും എൻഐഎ സംശയിക്കുന്നു. നേരത്തേ കസ്റ്റംസും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.