കൊച്ചി : തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ സാധ്യത. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബി ജെ പി അനുകൂല ചാനലിലെ തിരുവനന്തപുരത്തുള്ള മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. യു എ ഇ ഉദ്യോഗസ്ഥന്‍ കസ്റ്റംസിന് മൊഴി നല്‍കുമ്പോള്‍ പിടിച്ചത് നയതന്ത്ര പാഴ്സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും പറഞ്ഞാല്‍ മതിയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതായാണ് സ്വപ്‌നയുടെ മൊഴി.
കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ അഞ്ചിന് ശേഷം ഉച്ചക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സ്വപ്നയെ വിളിച്ചത്. 2018ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി യു എ ഇയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബി ജെ പിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നു സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.