കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് രാവിലെ പത്തരയോടെ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിവശങ്കര്‍ പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു.
കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവശങ്കറിനെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞ തവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇന്ന് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
കേസില്‍ പ്രതിപ്പട്ടികയിലുള്ള സ്വപ്‌ന സുരേഷും സരിത്തുമായി സൗഹൃദത്തിനപ്പുറം ഒരു പരിചയവും ഇല്ലെന്നും ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിയില്ലെന്നുമായിരുന്നു ശിവശങ്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയത്. കസ്റ്റംസ് ചോദ്യം ചെയ്യലിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു.
സ്വപ്‌ന സുരേഷാണ് സരിത്തിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. 23 നായിരുന്നു ശിവശങ്കറിനെ നേരത്തെ എന്‍ഐഎ ചേദ്യം ചെയ്തത്. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വിട്ടയച്ചത്. ആദ്യ ചോദ്യം ചെയ്യലില്‍ പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയത്.
സെക്രട്ടറിയേറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.