തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരത്തു നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ എന്‍ഐഎ. ഇതിന്റെ ഭാഗമായി ഇവരുമായി അടുപ്പമുണ്ടായിരുന്ന ചിലരെ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന് ലഹരിമരുന്നു കേസിലും പങ്കുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണം ഈ വഴിക്ക് തിരിഞ്ഞത്. ഇവര്‍ നടത്തിയ പാര്‍ട്ടികളില്‍ റമീസിനൊപ്പം ആരൊക്കെയുണ്ടായിരുന്നുവെന്നാണു പരിശോധിക്കുന്നത്. സെക്രട്ടേറിയറ്റിന് സമീപം സ്വപ്‌ന താമസിച്ചിരുന്ന ഫ്ളാറ്റിലും പരിശോധന നടത്തി.
എന്‍ഐഎ ഡിവൈഎസ്പി: സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശ പ്രകാരമാണു സ്വപ്നയ്ക്കു ഫ്‌ളാറ്റ് എടുത്തു നല്‍കിയത്. ഈ ഫ്ളാറ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ പലപ്പോഴും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ യുഎഇയുടെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തും. കോണ്‍സുലേറ്റിന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ നിയമനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുമെന്നാണു വിവരം.