കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം പിന്നെയും എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ? കസ്റ്റംസ് ചോദ്യം ചെയ്യുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതിന് സാധ്യത ഏറെയാണ്. യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണം കടത്തില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നു കസ്സംസ് അന്വേഷണത്തില്‍ തെളിഞ്ഞ കാരാട്ടു ഫൈസലിനു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ഉള്ളത് ഉറ്റബന്ധം. രവീന്ദ്രനുമായുള്ള ഉറ്റബന്ധം കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കാരാട്ട് ഫൈസല്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി.എം.രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ കൊച്ചിയില്‍ ചോദ്യം ചെയ്ത ജൂലൈ 27 മുതല്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് സി.എം.രവീന്ദ്രന്‍. എന്‍ഐഎയും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയവേ തന്നെയാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കാരാട്ട് ഫൈസല്‍ സി.എം.രവീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നത്. രവീന്ദ്രന്റെയും കാരാട്ട് ഫൈസലിന്റെയും ഫോണുകളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഫൈസലും രവീന്ദ്രനും നടത്തിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്.