കൊച്ചി : സ്വർണ്ണക്കടത്തിലൂടെ ലാഭം ഉണ്ടാക്കിയ ഉന്നതരെ കണ്ടെത്താനായുള്ള അന്വേഷണം എന്‍.ഐ.എ ആരംഭിച്ചു. സ്വപ്ന അടക്കമുളളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഉന്നതരുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായാണ് വിവരം. നാളെ എന്‍.ഐ.എയുടെ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തും. നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം വർഷങ്ങളായി കടത്തിയിട്ടുണ്ടെന്ന് റമീസ് കസ്റ്റംസിന് മൊഴി നല്‍കി.
മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറിന്‍റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ നാല് ദിവസത്തിനകം എന്‍.ഐ.എക്ക് കൈമാറും. ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻ.ഐ.എക്ക് കൈമാറുന്നത്. അതേസമം യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് കൊച്ചിയിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ജയഘോഷ് ആദ്യം നല്‍കിയ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സ്വർണ്ണം പിടിച്ച് വെച്ചതിന് ശേഷം സരിതിനെയും സ്വപ്നയെയും ജയഘോഷ് നിരന്തരം വിളിച്ചുവെന്നും കണ്ടെത്തല്‍.