തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. എം ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തതിന്‍റെ കാരണം ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അന്താരാഷ്ട്ര മാനമുള്ള കള്ളക്കടത്ത് കേസാണ് നടന്നത്. അതിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് പങ്കുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സിപിഎം മുഖ്യമന്ത്രിക്ക് പിന്തുണ നൽകും. മുഖ്യമന്ത്രിയുടെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് ഇപ്പോഴുള്ളത്. പക്ഷെ പൊതുസമൂഹം ഇത് വിശ്വാസത്തിലെടുക്കില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം ഒരുക്കമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അവസാന നിമിഷം വരെയും എം ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണം ഉയര്‍ന്ന് 12 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായത്. അഴിമതി ആരോപണം ഉന്നയിച്ചപ്പോഴൊക്കെ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഉറപ്പുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോൾ മനസിലായില്ലേ എന്നും ചെന്നിത്തല ചോദിച്ചു.