കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഐഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സന്ദീപ് നായര്‍ അടക്കം അഞ്ചുപേര്‍ മാപ്പുസാക്ഷികള്‍. സന്ദീപ് നായര്‍ അടക്കം അഞ്ചുപേരെ മാപ്പുസാക്ഷിയാക്കാനുള്ള എന്‍ഐഎ അപേക്ഷ കോടതി അംഗീകരിച്ചു. കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാവില്ല.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കോടതിയില്‍ എന്‍ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാപ്പുസാക്ഷിയാക്കുന്നതിന് എന്‍ഐഐ നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. തുടര്‍ന്ന് മാപ്പുസാക്ഷിയാക്കണമെന്ന എന്‍ഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സന്ദീപ് നായര്‍ അടക്കം അഞ്ചുപേരെ മാപ്പുസാക്ഷിയാക്കാനുള്ള അപേക്ഷയാണ് കോടതി അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് കേസില്‍ സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കില്ല. എന്‍ഫോഴ്‌സ്‌മെന്റ് കേസും കസ്റ്റംസ് കേസില്‍ കോഫെ പോസെ ചുമത്തിയതിനാലുമാണ് സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാവാത്തത്. മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ തുടങ്ങിയവരാണ് മാപ്പുസാക്ഷികളായ മറ്റു പ്രതികള്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.