തിരുവനന്തപുരം : സ്വര്‍ണം കടത്തുന്നതിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവര്‍ സഹായിച്ചിട്ടുണ്ടെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തി. പിടിയിലാകുമെന്ന ഘട്ടം എത്തിയപ്പോള്‍ സംസ്ഥാനത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരുടെ പേരുകളും കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയതായാണ് സൂചന.
എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കുന്ന രീതിയിലാണ് ഇവര്‍ മൊഴികള്‍ നല്‍കിയിട്ടുള്ളത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലൂടെ വരുമാനം ഉണ്ടാക്കിയെന്നും പല ഉന്നത രാഷ്ട്രീയനേതാക്കളുമായും പരിചയമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. ശിവശങ്കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന ആളെന്ന നിലയ്ക്കാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ പരിചയപ്പെടുത്തി നല്‍കിയത്.
ലോക്കര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളില്‍ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. സ്വപ്‌നയുടെ ആവശ്യപ്രകാരം മൊഴിയുടെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. തിങ്കളാഴ്ച വൈകുന്നേരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എറണാകുളം അഡീഷനല്‍ സി.ജെ.എം കോടതിയിലെ ചേംബറില്‍ കവര്‍ കൈമാറിയത്.
കള്ളക്കടത്തിന് സഹായം ചെയ്ത ഉന്നതരുടെ വിവരങ്ങളും ഏതുതരം സഹായമാണ് നല്‍കിയതെന്നതും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ സ്വപ്‌ന പറഞ്ഞതായാണ് വിവരം. മൊഴി മാറ്റാന്‍ ഭാവിയില്‍ തനിക്കുമേല്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടാകാമെന്ന് സ്വപ്‌ന പറഞ്ഞു. ഒരുകാരണവശാലും മൊഴിയില്‍നിന്ന് പിന്മാറില്ല. മൊഴിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. അതിനായി മുദ്രവെച്ച കവറില്‍ മൊഴി കോടതിക്ക് കൈമാറാന്‍ സ്വപ്‌നതന്നെ ആവശ്യപ്പെടുകയായിരുന്നത്രെ.