കൊച്ചി : സ്വർണക്കടത്തു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കുന്നു.
‘ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീർക്കും.’– അറസ്റ്റിലായ ശേഷം സ്വപ്ന ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) നൽകിയ ഈ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇഡി. സ്വർണക്കടത്തു പുറത്തറിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കും മുൻപു പുറത്തു വിട്ട ശബ്ദരേഖയിലും സ്വപ്ന ഇക്കാര്യം പറയുന്നുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ള പണം ആരുടേതാണെന്നു കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. കെട്ടുകളായി ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം പലഘട്ടത്തിലും സ്വപ്ന നിർദേശിക്കുന്നവർക്ക് എടുത്തു കൊടുത്തിട്ടുള്ളതായി ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരുന്നു.
ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും സംയുക്തമായാണു ലോക്കറെടുത്തിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആർക്കെല്ലാമാണെന്നു വ്യക്തമാകും. ചോദ്യം ചെയ്യലിനിടെയാണു നെഞ്ചുവേദനയെന്നു പരാതിപ്പെട്ടു സ്വപ്ന വൈദ്യസഹായം തേടിയത്. ഇതോടെ ചോദ്യം ചെയ്യൽ നിർത്തി. തുടർന്നാണു ചാർട്ടേഡ് അക്കൗണ്ടന്റിനോടു ഹാജരാകാൻ നിർദേശിച്ചത്. സ്വപ്ന നൽകിയ ആദ്യമൊഴികൾ എൻഐഎ ഓഫിസിലെത്തി ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണനും സംഘവും ശേഖരിച്ചു.