കോഴിക്കോട് : വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുമ്ബോള്‍ കഴിഞ്ഞ ഏട്ട് മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് മാത്രം പിടികൂടിയത് നൂറ്റി അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണം. ഈ വര്‍ഷം കരിപ്പൂര്‍ വഴി ഉള്ള സ്വര്‍ണക്കടത്ത് മുമ്പത്തെക്കാളും ഇരട്ടി ആയി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കസ്റ്റംസ് പിടിക്കുന്നതിന് പുറമെ ഇടക്കാലയളവില്‍ പോലീസും 25 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു.
ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഈ സ്വര്‍ണത്തിന്റെ മാത്രം വിപണി വില പതിനൊന്ന് കോടി രൂപയാണ്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 43 കിലോ സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പോലീസ് പിടിച്ചെടുത്തു. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടാറുണ്ട്.
പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്തിന് പുതിയ രീതികള്‍ തേടുകയാണ് കാരിയര്‍മാര്‍. സൈക്കിളിനുള്ളില്‍ മെര്‍ക്കുറി പൂശി സ്വര്‍ണക്കട്ടകളാക്കി കൊണ്ട് വരുന്നതും അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വരുന്നതും ഈ അടുത്തിടെ വ്യാപകമായിട്ടുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട ഭൂരിഭാഗം സംഘങ്ങളും പ്രവര്‍ത്തിക്കുന്നത് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.