തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്. ഇതിന്റെ ഭാഗമായി ഗൾഫിലേക്ക് കടന്ന കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരെയും പ്രതികളാക്കുമെന്നാണ് വിവരം. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചതെങ്കിലും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയെയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയുമാണ് കേസിൽ പ്രതികളാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഇവരും ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. കോൺസുൽ ജനറലിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജൂലൈ അഞ്ചിനാണ് ബാഗേജിൽ സ്വർണമാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസിന്റെ പക്കൽ നിന്നും ബാഗേജ് വീണ്ടെടുക്കാൻ കോൺസുൽ ജനറലും അറ്റാഷെയും സമ്മർദ്ദം ചെലുത്തിയെങ്കിലും അതു നടക്കാത്തതിനെ തുടർന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയും സരിത്തും സന്ദീപും റമീസും ഉൾപ്പെടെയുള്ളവരെ കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വർണക്കടത്തിൽ കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾ കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാലാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.