തിരുവനന്തപുരം : സ്വര്‍ണക്കടത്ത് അന്വേഷണം എന്‍ ഐ എയ്ക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. കേസ് ഏറ്റെടുക്കാന്‍ ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് അനുമതി നല്‍കി. സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയ്ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കേന്ദ്രം പറഞ്ഞു. യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ പ്രതി സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത് എന്നാണ് സ്വപ്‌ന പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. മുഖ്യമന്ത്രിയുടെ മന്ത്രിമാരെയും ഒഴിവാക്കിയാണ് പ്രതിയുടെ ശബ്ദരേഖ പുറത്തു വന്നത്. കേസില്‍ രാഷ്ട്രീയ ബന്ധം മാധ്യമ സൃഷ്ടിയാണെന്നും സ്വപ്ന ജാമ്യഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
ഡിപ്‌ളോമാറ്റിക് ചാനല്‍ വഴി എത്തിയെന്ന് പറയുന്ന ബാഗേജിന്റെ എല്ലാ ഉത്തരവാദിത്വവും കോണ്‍സുല്‍ ജനറല്‍ ഓഫിസില്‍ നിക്ഷിപ്തമാക്കിയാണ് സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. നയതന്ത്ര സുരക്ഷയുള്ള ബാഗേജിലെത്തുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് ഉടമയ്‌ക്കെത്തിക്കുന്ന ഇടനിലക്കാരായാണ് സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് കാണുന്നത് എന്നും. ബാഗേജുകളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും താന്‍ നിര്‍വഹിച്ചത് കോണ്‍സുല്‍ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷയ്മില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ മാത്രമാണെന്നുമാണ് ജാമ്യഹര്‍ജിയിലെ സ്വപ്നയുടെ നിലപാട്. കഴിഞ്ഞമാസം 30ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ ബാഗേജ് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിട്ടുകിട്ടാന്‍ വൈകിയപ്പോള്‍ ഇക്കാര്യം കസ്റ്റംസില്‍ അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കോണ്‍സുല്‍ ജനറലിന്റെ ചുമതയുള്ളയാളാണ് അന്വേഷിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും സ്വപ്‌നയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നു.