തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പോര്‍വിളിയുമായി പാഞ്ഞടുത്ത പലരും തളര്‍ന്നു വീഴുന്നതും ഓടിയൊളിക്കാന്‍ വെപ്രാളപ്പെടുന്നതുമാണ് ഏറ്റവും പുതിയ കാഴ്ചയെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്ക് എല്ലാതരത്തിലും നില്‍ക്കക്കള്ളിയില്ലാതാവുകയാണ്. ഒന്നാമത്, കള്ളക്കഥകളെല്ലാം പൊളിഞ്ഞു പാളീസാകുന്നു. രണ്ടാമത്, ഉയര്‍ത്തിയ ആരോപണങ്ങള്‍ ബൂമറാങ്ങായി തിരിച്ചുവരുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
യു ഡി എഫിലെയും ബി ജെ പി യിലെയും പ്രമുഖരുടെ പങ്കാണ് പകല്‍ പോലെ തെളിഞ്ഞു വരുന്നത്. പ്രതികളെന്ന് കരുതുന്നവരുടെ രാഷ്ട്രീയ ബന്ധം ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങി. പ്രതികളെ സി പി ഐ എമ്മുമായി ബന്ധപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ നടത്തിയ ഗൂഢനീക്കം അവര്‍ക്കു തന്നെ അതിദയനീയ നാണക്കേടുണ്ടാക്കിയെന്ന് ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ സര്‍ക്കാരിന്റെ നാണംകെട്ട കഥകളുമായി പുതിയ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമവും പാളി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കാര്യങ്ങള്‍ വ്യക്തമാണ്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്ന ഇടം വരെ വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം എന്നാണ് കത്തില്‍ പറഞ്ഞത്. കേന്ദ്ര ഏജന്‍സികളാണ് ഈ കേസ് പൂര്‍ണമായും അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സഹമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ഏത് അന്വേഷണം നടത്തുന്നതിനോടും പൂര്‍ണ യോജിപ്പാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
സ്വര്‍ണ്ണം ആര് അയച്ചു, ആര്‍ക്ക് അയച്ചു എന്നീ കാര്യങ്ങള്‍ തെളിയിക്കപ്പെടുമ്പോള്‍ എല്ലാം വ്യക്തമാകും. സത്യം പുറത്തു കൊണ്ടുവരാന്‍ സംസ്ഥാന ഗവണ്‍മെന്റ് എല്ലാ പിന്തുണയും നല്‍കും. ഇത് ജനങ്ങളുടെ ഗവണ്‍മെന്റാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം തന്നെയാണ് അതിനുള്ള തെളിവ്. ഏതു പ്രതിസന്ധിയിലും കേരളീയരെ ഒന്നാകെ നെഞ്ചോട് ചേര്‍ത്താണ് ഈ ഗവണ്‍മെന്റ് മുന്നോട്ടു പോയത്. അതിലൂടെ സൃഷ്ടിക്കപ്പെട്ട ജനകീയതയും വിശ്വാസ്യതയും തകര്‍ക്കാന്‍ കച്ചക്കെട്ടിയിറങ്ങിയവര്‍ ലക്ഷ്യമിടുന്നത് ജനനന്മയല്ലെന്ന് വ്യക്തം.
കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാട്. കേരളം ഇക്കാര്യത്തില്‍ ഒരു പാട് മുന്നിലുമാണ്. ഈ മികവ് ഇല്ലാതാക്കാനും രോഗപ്രതിരോധം അവതാളത്തിലാക്കാനും ഇടവരുത്തുന്നതാണ് അനാവശ്യ വിവാദങ്ങള്‍. എതിരാളികളുടെ ലക്ഷ്യങ്ങളില്‍ ആ കുളംകലക്കലും ഉള്‍പ്പെടും. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അതിന്റെ പല വികൃത രൂപങ്ങളും നാം കണ്ടതാണ്. സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് നല്ല കഴിവുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുതലെടുപ്പിനുള്ള പല വേലത്തരങ്ങളും ഇനിയും കാണാനാകും. ജനങ്ങള്‍ കരുതിയിരിക്കണം.
ഈ ഗവണ്‍മെന്റിന് ഒന്നും ഒളിക്കാനില്ല. കേരള ജനതയ്ക്ക് അക്കാര്യം വ്യക്തമായി അറിയാം. ജനങ്ങളുടെ വിശ്വാസവും സ്‌നേഹവും കരുത്താക്കി എല്‍ ഡി എഫ് ഗവണ്‍മെന്റ് മുന്നോട്ടു പോകുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.