കൊച്ചി : സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോൺസുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എൻഐഎ പറഞ്ഞു. കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രത്യക്ഷമായോ പരോക്ഷമായി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും യുഎഇയിൽ അറസ്റ്റിലായ ഫൈസൽ ഫരീദ്, റബിൻസൺ എന്നിവരെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും എൻഐഎ അന്വേഷണ സംഘം പറയുന്നു.
വൻതോതിലുള്ള ഗൂഢാലോചനയാണ് സ്വർണക്കടത്തിന് പിന്നിലുള്ളത്. 30 ലേറെ പ്രതികളുള്ള ഈ കേസിൽ അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുണ്ടന്നും എൻഐഎ പറയുന്നു. പല പ്രതികളും വൻതോതിൽ തുക സ്വർണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ലാഭം വാങ്ങാതെ ഇവർ വീണ്ടും വീണ്ടും സ്വർണക്കടത്തിന് പണം നൽകി. 100 കോടിയിലേറെ രൂപയുടെ ഇടപാട് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ നടന്നിട്ടുണ്ടെന്നും എൻഐഎ പറയുന്നു.