തിരുവനന്തപുരം : തെളിവെടുപ്പിനായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ തലസ്ഥാനത്ത് എത്തിച്ചു. മുഖ്യപ്രതികളിലൊരാളായ സന്ദീപിനെ ഫ്ലാറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് സംഘം. സ്വപ്‍നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലും സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും പിടിപി നഗറിലെ വാടകവീട്ടിലും എന്‍ഐഎ പരിശോധന നടത്തുകയാണ്.
ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പോലീസിനോട് പങ്കുവെക്കുന്നത്. സന്ദീപിന്‍റെ സ്ഥാപനമായ കാര്‍ബണ്‍ ഡോക്ടറില്‍ ഇന്ന് രാവിലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സന്ദീപുമായി എന്‍ഐഎ കാര്‍ബണ്‍ ഡോക്ടറിലും തെളിവെടുപ്പ് നടത്തിയേക്കും. പുലര്‍ച്ചെ ആറുമണിക്കാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ആദ്യം അമ്പലമുക്കിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയ ശേഷം ഫെദര്‍ ഫ്ലാറ്റിലെത്തുകയായിരുന്നു. ഫെദര്‍ ഫ്ലാറ്റില്‍ വെച്ചാണ് സ്വര്‍ണ്ണക്കടത്തിലെ നിര്‍ണ്ണായകമായ ഗൂഡാലോചനകള്‍ നടന്നത്. ഫെദര്‍ ഫ്ലാറ്റില്‍ വെച്ചാണ് സ്വര്‍ണ്ണക്കടത്തിലെ നിര്‍ണ്ണായകമായ ഗൂഢാലോചനകള്‍ നടന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ പ്രതികള്‍ക്ക് താമസിക്കാനായി വാടകയ്ക്ക് എടുത്ത് നല്‍കിയതും ഫെദര്‍ ഫ്ലാറ്റിലാണ്.