തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ അല്‍ സാബിയുടെ ബാഗുകളും മറ്റും കസ്റ്റംസ് പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് പരിശോധന. എയര്‍ കാര്‍ഗോ കോംപ്ലക്‌സിലാണ് പരിശോധന നടക്കുന്നത്. ജമാല്‍ അല്‍ സാബിയുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനുളള അപേക്ഷ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു.
സ്വര്‍ണക്കടത്ത് ചര്‍ച്ചയായതിന് പിറകേ അല്‍സാബി വിദേശത്തേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാഗേജുകളില്‍ ചിലത് ഇവിടെ ഉണ്ടായിരുന്നു. ഇത് യുഎഇയില്‍ എത്തിക്കാന്‍ ജമാല്‍ അല്‍ സാബി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു കസ്റ്റംസ് നിലപാട്. കേസുമായി ബന്ധപ്പെട്ട അന്വേഷണം വിദേശത്തടക്കം നടക്കേണ്ടതുണ്ട് എന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ ലഭിക്കുന്ന തെളിവുകള്‍ കേസിന് സഹായകമാവുമെന്നാണ് കസ്റ്റംസ് കരുതുന്നത്.