കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട. മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫയെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 992 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു . പ്രാഥമിക ചോദ്യം ചെയ്യലിലും തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചിരുന്നില്ല.
മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗേജ് വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. പ്രാഥമികമായി നടത്തിയ ശരീര പരിശോധനയിലും സ്വര്‍ണം കിട്ടിയില്ല. പിന്നാലെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ് റേ എടുത്ത് പരിശോധിച്ചപ്പോള്‍ വയറിനകത്ത് 4 കാപ്‌സ്യൂളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമാവുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന 57 ആമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.