പാണ്ടിക്കാട് : സ്വര്‍ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുഖ്യ പ്രതികള്‍ പിടിയില്‍. എടവണ്ണ പന്നിപ്പാറ സ്വദേശി ഷിഹാബ് (45), കുന്നുമ്മല്‍ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിജു (31) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 14നാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ടൗണില്‍ സ്വര്‍ണാഭരണ ശുദ്ധീകരണ കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കിഷോറിന്റെ 400 ഗ്രാമിനടുത്ത് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പാണ്ടിക്കാട് ടൗണില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴി സാധനങ്ങള്‍ വാങ്ങാനായി നിര്‍ത്തിയ സമയം കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് മോഷണം പോയിരുന്നു. സംഭവത്തില്‍ പോരൂര്‍ വീതനശ്ശേരി സ്വദേശിയും പാണ്ടിക്കാട് ടൗണില്‍ സ്വര്‍ണപ്പണി നടത്തുന്നയാളുമായ പടിഞ്ഞാറയില്‍ ജയപ്രകാശിനെ (43) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ പാണ്ടിക്കാട് ടൗണില്‍ പരാതിക്കാരന്റെ കടയുടെ സമീപത്ത് കട നടത്തിയിരുന്നയാളും അടുത്ത പരിചയക്കാരനുമായ ജയപ്രകാശും ഭാര്യാസഹോദന്‍ പ്രജിത്ത്, സുഹൃത്ത് ഷിഹാബ് എന്നിവര്‍ ഒരാഴ്ചയോളം ആസൂത്രണം നടത്തി പരാതിക്കാരന് രാത്രിയില്‍ പോവുന്ന വഴികളിലും മറ്റും പിന്തുടര്ന്ന് നിരീക്ഷണം നടത്തുകയും ചെയ്തശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരനായ കിഷോര്‍ കടയടച്ചു വരുന്ന സമയം ബൈക്കില്‍ പിന്തുടര്ന്ന് പോയാണ് മോഷണം നടത്തിയത്. പാണ്ടിക്കാട് സി.ഐ കെ. റഫീഖ്, എസ്.ഐ അരവിന്ദന്, എസ്.സി.പി.ഒമാരായ മന്‍സൂര്‍, അശോകന്, ശൈലേഷ്, വ്യതീഷ്, സി.പി.ഒമാരായ ജയന്, മിര്‍ഷാദ്, രജീഷ്, ദീപക്, ഷമീര്‍, ശ്രീജിത്ത്, ഹക്കിം ചെറുകോട്, സന്ദീപ്, ഷൈജു മോന് എന്നിവരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരന്, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, കെ. ദിനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.