തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. രാവിലെ മുതല്‍ തന്നെ പള്ളികളില്‍ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. പള്ളികളിലെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും. മിക്ക ദേവാലയങ്ങളിലും ഇന്ന് പകല്‍ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ നീളും. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും, കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായി അപ്പം മുറിക്കലും നടന്നു.
അതേസമയം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍, സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ബിഷപ്പ് ആന്റണി കരിയിലുമാണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുഖ്യ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് രാവിലെ മുതല്‍ മലകയറ്റവും കുരിശിന്റെ വഴിയുമുണ്ട്.