പത്തനംതിട്ട : വായനക്കാരെ വിഡ്ഢികളാക്കി മലയാള മനോരമ. ഇന്ന് പുറത്തിറങ്ങിയ പത്രം വായിച്ച എല്ലാവരുംതന്നെ വിഡ്ഢികളായി. ” നോട്ടേ വിട …. ഇനി ഡിജിറ്റല്‍ കറന്‍സി ” എന്ന വാര്‍ത്ത വായിച്ചവര്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചുപോയി. പലരും വാര്‍ത്തകള്‍ പരസ്പരം ഷെയര്‍ ചെയ്തു. കറന്‍സി കയ്യില്‍ ഉണ്ടായിരുന്ന എല്ലാവരും തരിച്ചിരുന്നു. എന്തിന് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ അരുണ്‍ കുമാറും ഈ വാര്‍ത്ത സത്യമെന്ന് കരുതി തള്ളിയിറക്കി. ഇതോടെ ജനങ്ങള്‍ കൂടുതല്‍ വിശ്വസിച്ചു. എന്നാല്‍ സത്യം മറ്റൊന്നായിരുന്നു. പരസ്യം കിട്ടിയാല്‍ അത് ഏതറ്റം വരെയും തള്ളിമറിക്കാന്‍ തയ്യാറുള്ള മനോരമയുടെ മറ്റൊരു മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു ഇത്. ജെയിൻ യൂണിവേഴ്സിറ്റിയുടെ പരസ്യം വാർത്ത ആണെന്ന രീതിയില്‍ ജനങ്ങളെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു മനോരമ. 2050 ജനുവരി 24 തിങ്കളാഴ്ച ഇറങ്ങുന്ന പത്രത്തില്‍ എന്തൊക്കെയായിരിക്കും പ്രധാന വാര്‍ത്തകള്‍ എന്നതായിരുന്നു ഈ മാര്‍ക്കറ്റിംഗ് സപ്ലിമെന്റില്‍. കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയുടെ ദി സമ്മിറ്റ് ഓഫ് ഫ്യുച്ചര്‍ 2025 ന്റെ പ്രചരണത്തിനുവേണ്ടി തയ്യാറാക്കിയ സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഇവ. മനോരമ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ഇതേ രീതിയില്‍ പരസ്യം ചെയ്തിരുന്നു. എന്നാല്‍ മനോരമക്കെതിരെയാണ് വായനക്കാരുടെ രോഷം ഏറെയും.
സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ സോഷ്യല്‍ മീഡിയായിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണ്. പലരും രൂക്ഷമായ ഭാഷയിലാണ് മനോരമയുടെ മാനേജ്മെന്റിനോട് പ്രതികരിക്കുന്നത്. പരസ്യത്തിനും പണത്തിനുംവേണ്ടി ഇത്ര തരം താഴരുതെന്ന് പലരും പ്രതികരിച്ചു. വായനക്കാരെ വിഡ്ഢികളാക്കിയ മനോരമ പത്രം ഇനിമുതല്‍ ഉപേക്ഷിക്കുകയാണെന്നും ചില വായനക്കാര്‍ പ്രതികരിച്ചു. മാര്‍ക്കറ്റിംഗ് സപ്ലിമെന്റില്‍ ഒരു ചെറിയ കോളത്തില്‍ ഒരു മുന്നറിയിപ്പ് മനോരമ നല്‍കിയിരുന്നു. ഇതില്‍ ഇത് സാങ്കല്‍പ്പിക വാര്‍ത്ത ആണെന്ന് പറയുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ ഒരു കോളം വാര്‍ത്ത വായനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല, മനോരമയും ഉദ്ദേശിച്ചത് ഇതാണ്. പത്രം വിലകൊടുത്തു വാങ്ങുന്ന ഉപഭോക്താവിന് നിയമപരമായി നല്‍കേണ്ട അറിയിപ്പ് അതേ പേജില്‍ കൊടുത്തു.