പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ അംഗം അഡ്വ. ടി.സേതു നാരായണന്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേള്‍ക്കും.
–
വെറ്ററിനറി സര്‍ജ്ജന്‍ അഭിമുഖം സെപ്റ്റംബര്‍ എട്ടിന്
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 11ന് ജില്ല വെറ്ററിനറി കോംപ്ലക്‌സിലുളള മൃഗസംരക്ഷണ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2322762.
ലബോറട്ടറി ടെക്‌നീഷ്യന്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പ് തിരുവല്ല പക്ഷിരോഗ നിര്‍ണയ ലാബില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് / ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലെ ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ (തസ്തികയില്‍ സ്ഥിര നിയമനം നടക്കുന്നത് വരെയോ/89 ദിവസത്തേക്കോ) നിയമിക്കുന്നു. യോഗ്യത – പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ /കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ്. അഭിമുഖം സെപ്റ്റംബര്‍ ഒമ്പത് രാവിലെ 11.30 ന് ജില്ല വെറ്ററിനറി കോംപ്ലക്‌സിലുളള മൃഗസംരക്ഷണ കാര്യാലയത്തില്‍. ഫോണ്‍ – 0468 2322762.
–
അന്‍പ് വീട് പദ്ധതി : സെപ്റ്റംബര്‍ 15 വരെ താല്‍പ്പര്യപത്രം സമര്‍പ്പിക്കാം
ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷിതമായ താല്‍ക്കാലിക താമസവും പരിചരണവും ഉറപ്പ് വരുത്തുന്നതിന് സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന അന്‍പ് വീട് പദ്ധതിയിലേക്ക് താല്‍പ്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വൈകിട്ട് അഞ്ചുവരെ നീട്ടി. സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോം ആവശ്യമായ രേഖകളോടൊപ്പം ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ലഭ്യമാക്കണം. പദ്ധതിയുടെ മാര്‍ഗ്ഗരേഖ, അപേക്ഷ ഫോം, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ http://sid.kerala.gov.in/ ല്‍ ലഭിക്കും. ഫോണ്‍ 04682 325168.
കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനത്തിന് സെപ്റ്റംബര്‍ 12 ന് മുമ്പ് ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ വിലാസത്തിലോ 9526229998 എന്ന നമ്പരിലോ ബന്ധപ്പെടണം.
–
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ‘സുരക്ഷിതമായ പാലുല്‍പ്പാദന പരിശീലനം’ വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബര്‍ 10 മുതല്‍ 11 വരെ പരിശീലനം നടത്തുന്നു. ക്ഷീരകര്‍ഷകര്‍ രജിസ്‌ട്രേഷന് 8089151789, 9447305100, 9496332048, 04734 299869, 8304948553 നമ്പറുകളില്‍ ബന്ധപ്പെടണം.
കള്ള്‌ചെത്ത് – വില്‍പ്പന തൊഴിലാളികള്‍ക്കുള്ള ഓണക്കാല സാമ്പത്തിക സഹായം
ജില്ലയില്‍ അടഞ്ഞുകിടക്കുന്ന അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് മൂന്ന്, നാല്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല്, തിരുവല്ല റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് കള്ളുഷാപ്പുകളിലെ ചെത്ത്-വില്‍പ്പന തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് അനുവദിച്ചിട്ടുള്ള 2,750, 2,250 രൂപ വീതമുള്ള സാമ്പത്തിക സഹായം തൊഴിലാളികള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഹാജരായി കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ 04682 222873.
–
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പേര് ചേര്‍ക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന അന്ത്യോദയ ശ്രമിക്ക് സുരക്ഷ യോജന ഇന്‍ഷുറന്‍സ് പദ്ധതിയുടെ നാലാം ഘട്ടത്തില്‍ പേര് ചേര്‍ക്കാനുള്ള നിലവിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികളും പുതിയതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഐ.പി.പി.ബി അക്കൗണ്ട് തുടങ്ങി സെപ്റ്റംബര്‍ 20 ന് മുമ്പ് ജില്ല വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ വിവരം അറിയിക്കണം. ഫോണ്‍ 0469 2603074.
വാഹനം ആവശ്യമുണ്ട്
ജില്ല സാമൂഹ്യനീതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള 1100 സി.സിയില്‍ കൂടുതലുള്ള വാഹനം (സെമി സെഡാന്‍/എം.പി.വി (എം.യു.വി) മോഡല്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 22. ടെന്‍ഡര്‍ ഫോമും വിവരങ്ങളും ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0468 2325168, 8281999004.
–
മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ കാമ്പയിന്‍
ജില്ലയിലെ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ തീര്‍പ്പാക്കുന്നതിന് ‘ മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ 3.0’ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. സുപ്രീം കോടതിയുടെ കീഴിലുളള മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയും ദേശീയ നിയമ സേവന അതോറിറ്റിയും കേരളം നിയമ സേവന അതോറിറ്റിയും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കാമ്പയിന്‍ 90 ദിവസം നീളും. സിവില്‍ കേസുകള്‍, വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ഗാര്‍ഹിക അതിക്രമം, ചെക്ക് മടങ്ങിയ കേസുകള്‍, വാണിജ്യ തര്‍ക്കങ്ങള്‍, സര്‍വീസസ് വിഷയങ്ങള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍, ഭാഗംവെപ്പ്, കടം വീണ്ടെടുക്കല്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ തുടങ്ങിയവ മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കും. മധ്യസ്ഥര്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും ചര്‍ച്ചകള്‍ നടത്തി കേസുകള്‍ തീര്‍പ്പാക്കും. ഫോണ്‍ 0468 2220141, 8330847158.


































