അടൂര്‍: നിര്‍ലോഭമായി കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം നാടിനാപത്താണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം തിരുത്തണമെന്നും കേരള ജമാഅത്ത് ഫെഡറേഷന്‍ അടൂര്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പിഞ്ചു കുട്ടികള്‍ക്ക് പോലും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി കേരളം മാറി. ലഹരി ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചതോടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. തൊടുപുഴയില്‍ നടന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണന്ത്യവും ആലുവയിലെ ചാന്ദ്‌നി എന്ന അഞ്ചു വയസ്സുകാരിയുടെ മൃഗീയ കൊലപാതകവും കേരളത്തിന് വലിയ പാഠമാണ് നല്‍കുന്നതെന്നും ജമാഅത്ത് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
നൗഷാദ് തിരോധാനത്തിലും മദ്യമായിരുന്നു വില്ലന്‍. കുടുംബ പ്രശ്‌നപരിഹാരം മഹല്ല് ഭാരവാഹികളുടെയും ഇതര മത സമുദായ നേതാക്കളുടെയും പ്രധാന പ്രവര്‍ത്തനമായി മാറി. അത്രമാത്രം ആധിക്യമാണ് കുടുംബ പ്രശ്‌നങ്ങളിലെ എണ്ണത്തിലുണ്ടാകുന്നത്. ഇതില്‍ 80 % ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലമാണ്. ദിനംപ്രതി കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഇടതു സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മദ്യനയം പ്രാവര്‍ത്തികമായാല്‍ കേരളം ഭ്രാന്താലയമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരള ജമാഅത്ത് ഫെഡറേഷന്‍ അടൂര്‍ താലൂക്ക് പ്രസിഡന്റ് സലാഹുദ്ദീന്‍ കുരുന്താനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദാലി അടൂര്‍, സംസ്ഥാന സെക്രട്ടറി നാസര്‍ പഴകുളം, സംസ്ഥാന കമ്മറ്റിയംഗം ഷാന്‍ പറക്കോട്, ജില്ല ട്രഷറര്‍ രാജാ ഖരീം, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി സൈനുദീന്‍ ബാഖവി, താലൂക്ക് സെക്രട്ടറി അന്‍സാരി ഏനാത്ത് എന്നിവര്‍ സംബന്ധിച്ചു.