ഗതാഗത നിരോധനം
പള്ളിക്കല്‍ – തെങ്ങമം റോഡില്‍ കലുങ്കിന്‍റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 28 മുതല്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും. പഴകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കള്ളപ്പന്‍ചിറ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് കൈതക്കല്‍ വഴി തെങ്ങമം ഭാഗത്തേക്കും തെങ്ങമം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൈതക്കല്‍ ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് കള്ളപ്പന്‍ചിറ വഴി പഴകുളം ഭാഗത്തേക്ക് പോകേണ്ടതുമാണെന്ന് പന്തളം പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.
–
സാക്ഷരത മിഷന്‍ ജില്ല കോര്‍ഡിനേറ്ററായി പി. പ്രശാന്ത് കുമാര്‍ ചുമതലയേറ്റു
സാക്ഷരതാമിഷന്‍ പത്തനംതിട്ട ജില്ല കോര്‍ഡിനേറ്ററായി പി.പ്രശാന്ത് കുമാര്‍ ചുമതലയേറ്റു. എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്റെ ദേശീയ ഗവേഷണ പരിശീലനകേന്ദ്രം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്.
സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന മരണാനന്തര ധനസഹായം, കുടുംബ പെന്‍ഷന്‍ എന്നീ സഹായ പദ്ധതികള്‍ക്ക് യഥാസമയം അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ഷീര വികസന വകുപ്പ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 229982.
–
വസ്തു നികുതി കുടിശ്ശിക അടയ്ക്കാം
പത്തനംതിട്ട നഗരസഭയില്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഇല്ലാതെ സെപ്റ്റംബര്‍ 30 വരെ നികുതി അടയ്ക്കാം. നികുതി കുടിശ്ശിക നഗരസഭ ഓഫീസില്‍ നേരിട്ടോ ksmart.lsgkerala.gov.in/ui/property-tax ലൂടെയോ അടച്ച് ജപ്തി, പ്രോസിക്യൂഷന്‍, റവന്യൂ റിക്കവറി തുടങ്ങിയ നിയമനടപടികളില്‍ നിന്ന് ഒഴിവാകണം. നികുതി സ്വീകരിക്കുന്നതിന് സെപ്റ്റംബര്‍ 27ന് നഗരസഭയുടെ പത്തനംതിട്ട മെയിന്‍, കുമ്പഴ സോണല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍ : 04682 222249.
നികുതി ഒഴിവാക്കുന്നതിന് അപേക്ഷിക്കാം
പത്തനംതിട്ട നഗരസഭ പരിധിയില്‍ ഉപയോഗമില്ലാതെ ഒഴിവായി കിടക്കുന്ന കെട്ടിടങ്ങളുടെ 2026-27 രണ്ടാം അര്‍ദ്ധ വര്‍ഷത്തെ വസ്തു നികുതി ബാധ്യത ഒഴിവാക്കുന്നതിനുള്ള വേക്കന്‍സി റെമിഷന്‍ അപേക്ഷ സെപ്റ്റംബര്‍ 30 ന് മുമ്പ് www.ksmart.lsgkerala.gov.in ല്‍ സമര്‍പ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682 222249.
–
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം
ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ നടപ്പാതകളിലും ഹാന്‍ഡ് റെയിലുകളിലും ട്രാഫിക് ഐലന്‍റ്കളിലും പൊതുറോഡുകള്‍, നടപ്പാതകള്‍, മീഡിയനുകള്‍ എന്നിവയിലുമുള്ള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ പൂര്‍ണമായും നീക്കം ചെയ്യും. ഇത്തരത്തില്‍ നീക്കം ചെയ്യന്നവയ്ക്ക് ഓരോന്നിനും 5,000 രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു.
–
ഗതാഗത നിരോധനം
തിരുവല്ല – കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെ ടാറിങ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 27 മുതല്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും മേലേവെട്ടിപ്പുറം വഴി പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.
































