ചെന്നൈ : ജാതിയുടെ പേരിൽ ദുരഭിമാനക്കൊലപാതകങ്ങളുടെ നിരവധി വാർത്തകൾ വരാറുള്ള തമിഴ്നാട്ടിൽ വിപ്ലവകരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ. പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇനിമുതൽ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യൽ മാത്രമേയുണ്ടാകുകയുള്ളൂ.
ചെറുപ്പം മുതൽ കുട്ടികളിൽ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. പ്രസിദ്ധീകരണ വകുപ്പിന് ഇത് നടപ്പിലാക്കാനുള്ള നിർദേശം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നൽകി കഴിഞ്ഞു. കുട്ടികൾക്ക് മാതൃകയെന്ന നിലയിൽ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാൽ ചേർത്ത് കണ്ടാൽ കുട്ടികൾ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.
തമിഴ്നാട്ടിൽ മുമ്പ് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആർ, കരുണാനിധി എന്നിവർ സമാനമായ തീരുമാനമെടുത്തിരുന്നു. തമിഴ്നാട്ടിൽ തെരുവുകൾക്ക് പോലും പ്രമുഖ വ്യക്തികളുടെ പേര് നൽകുന്ന പതിവുണ്ടായിരുന്നു. തെരുവുകൾക്ക് പേര് നൽകുമ്പോൾ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകൾക്ക് പേര് നൽകുമ്പോൾ സമാനമായ രീതി സ്വീകരിക്കണമെന്ന് 1997ൽ കരുണാനിധിയും ഉത്തരവിട്ടിരുന്നു. അതേ വഴിയിൽ സഞ്ചരിച്ചാണ് സ്റ്റാലിനും സമാനമായ ഒരു തീരുമാനമെടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
തമിഴ്നാട്ടിലെ പ്രബലമായ രണ്ട് കക്ഷികളും ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും സമത്വത്തിനായി വാദിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ഇതുവരെ സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുകളുണ്ടായിട്ടില്ല.