കൊല്ലം: സ്‌കൂളില്‍ കുട്ടികള്‍ കൃത്യമായി ഹാജരാകുന്നുണ്ടോയെന്ന് ഇനി തദ്ദേശസ്ഥാപനങ്ങളും പരിശോധിക്കും. തങ്ങളുടെ പരിധിയിലെ സ്‌കൂളുകളിലെ കുട്ടികളുടെ രജിസ്റ്റര്‍ സൂക്ഷിക്കാനും ഹാജര്‍നില മനസ്സിലാക്കി ആവശ്യമെങ്കില്‍ ഇടപെടാനുമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം. സംസ്ഥാനത്തെ ലഹരിവിരുദ്ധ കര്‍മപദ്ധതിയുടെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികള്‍ ലഹരിവലയില്‍പ്പെടുന്നതും പൂര്‍ണമായും തടയുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചായത്ത്/നഗരസഭാ തല ജനജാഗ്രതാസമിതി വിളിച്ചുചേര്‍ത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. തദ്ദേശസ്ഥാപനതലത്തില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണം.
മയക്കുമരുന്ന് വില്‍ക്കുന്ന കടകള്‍ കണ്ടെത്തി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുക, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ സിഗരറ്റോ മറ്റ് ലഹരി ഉത്പന്നങ്ങളോ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ 31-നുള്ളില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കമ്യൂണിറ്റി വിജിലന്റ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കണം.ഇവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ, റിപ്പോര്‍ട്ടിങ് സംവിധാനം ഒരുക്കുക. ഡിസംബര്‍ 31-നുള്ളില്‍ ‘ആല്‍ക്കഹോളിക് അനോണിമസ്’ ഗ്രൂപ്പിന്റെ മാതൃകയില്‍ ‘ഡീ-അഡിക്ടഡ് അനോണിമസ്’ ഗ്രൂപ്പുകള്‍ ബ്ലോക്ക് തലത്തില്‍ രൂപവത്കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.