ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയ വിഷയത്തിൽ വിമാനക്കമ്പനിക്ക് സർക്കാരിന്റെ താക്കീത്. പ്രവർത്തന മേൽനോട്ടം ശക്തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും എയർ ഇന്ത്യയ്ക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് നാലിന് 145 യാത്രക്കാരുമായി വന്ന എഐ 2379 വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപകടകരമായ സാഹചര്യമുണ്ടായത്.
വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങൾ, വാതിലുകൾ എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിക്കുകയും ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലാകുകയും ചെയ്തു. തുടർന്ന് വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചു. ഈ ആഘാതത്തിൽ 20 യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും പരിക്കേറ്റു. പിന്നാലെ, വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് കഞ്ചാവ് ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ വിഷയത്തിൽ കർശന നിർദേശനം നൽകിയത്. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം തനിക്ക് ഉറക്കഗുളികകൾ നിർദ്ദേശിച്ചിരുന്നുവെന്നും ആ മരുന്നുകൾ കഴിച്ചതാണ് പരിശോധനാഫലം പോസിറ്റീവാകാൻ കാരണമെന്നും പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
യാത്രയ്ക്കിടയിൽ പൈലറ്റ് ഇൻ കമാൻഡ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറിയിരുന്നെന്നാണ് റിപ്പോർട്ട്. പൈലറ്റ് കോക്ക്പിറ്റിലെ തറയിലിരിക്കുകയും ക്യാബിൻ ജീവനക്കാർ ഇടപെടുന്നതിന് മുൻപ് സിഗരറ്റ് വലിക്കാൻ ശ്രമിക്കുകയും ചെയ്തു. വിമാനത്തിലെ ക്യാബിൻ ജീവനക്കാർ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. മയക്കുമരുന്ന് പരിശോധനാ സംവിധാനത്തിൽ അടിയന്തര മാറ്റങ്ങൾ വരുത്താൻ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോട് (ഡി.ജി.സി.എ) സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുന്ന വ്യോമയാന ജീവനക്കാരുടെ അനുപാതം ഉയർത്തണമെന്നും നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെയുള്ള നടപടികൾ ശക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

































