പത്തനംതിട്ട : പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് സംസ്ഥാനസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റേയും ഒ.പി ബ്ലോക്കിന്റേയും ശിലാസ്ഥാപനവും പുതിയതായി നിര്‍മിച്ച പീഡിയാട്രിക് ഐ.സി.യു, എച്ച്.ഡി.യു ആന്‍ഡ് വാര്‍ഡ്, പുതിയ ബ്ലഡ് ബാങ്ക്, പുതിയ എക്‌സ്‌റെ യൂണിറ്റ് ആന്‍ഡ് മാമോഗ്രം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഏഴര വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഹോസ്പിറ്റലുകള്‍ വികേന്ദ്രീകരിക്കപ്പെടുകയാണ്. രണ്ടു മെഡിക്കല്‍ കോളജുകളില്‍ ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്‌മെന്റുകള്‍ ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രില്‍ കാത്‌ലാബ് ആരംഭിച്ചത് ഇവിടെയാണ്. ഇവിടെ ചികിത്സിക്കപ്പെട്ട നിരവധി പേരാണ് രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്.
പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പീഡിയാട്രിക് ഐസിയു, എച്ച്ഡിയു ആന്‍ഡ് വാര്‍ഡ് എന്നിവ 1.32 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചതില്‍ നാല് ഐസിയു ബെഡ്, രണ്ട് എച്ച്ഡിയു കിടക്കകള്‍ 15 കിടക്കകളോടു കൂടിയ വാര്‍ഡും മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28.45 ലക്ഷം രൂപ ഉപയോഗിച്ചാണ് ബ്ലഡ് ബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലോക്കില്‍ ഒന്നാം നിലയിലാണ് ബ്ലഡ് ബാങ്ക് സജ്ജീകകരിച്ചിട്ടുള്ളത്. കമ്പോണന്റ് സെപറേഷന്‍ റൂം ഡോണര്‍ ഫിലബോട്ടമി റൂം റിഫ്രഷ്മന്റ് റൂം മെഡിക്കല്‍ ഓഫീസേഴ്‌സ് റൂം ക്രോസ് മാച്ചിംഗ് റൂം പിറ്റിടി റൂം ക്വാളിറ്റി കണ്‍ട്രോള്‍ റൂം ബ്ലഡ് സ്‌റ്റോറേജ് റൂം കൗണ്‍സലിംഗ് റൂം എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
വനിതാ വികസന കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് മാമ്മോഗ്രാം മെഷീന്‍ സ്ഥാപിച്ചത്. സ്ത്രീകളില്‍ ഏറ്റവുമധികം സ്തനാര്‍ബുദം ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് മികച്ച ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജനറല് ആശുപത്രിയില്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് ആശുപത്രികളും ഡിജിറ്റലാവുകയാണ്. ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത്’ സംവിധാനം ആദ്യഘട്ടം നടപ്പാക്കിയിരിക്കുന്നത് ഒപി കൗണ്ടറിലും ഐ.പി ബില്ലിംഗിലുമാണ്. രണ്ടാം ഘട്ടമായി ഒപിയിലും ഐപിയിലും ഹാര്‍മസിയിലും ലാബിലും ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കും. ഇതിന്റെ ഭാഗമായി ഉള്ള യുഎച്‌ഐഡി കാര്‍ഡ് പ്രിന്റ് ചെയ്ത് എല്ലാ രോഗികള്‍ക്കും നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ഹെല്‍ത്ത് സംവിധാനം പൂര്‍ണ്ണമാകുന്നതോടു കൂടി രോഗികള്‍ക്ക് അത്യാധുനിക നിലവാരത്തിലുള്ള ചികിത്സ ലഭിക്കാനും മുന്‍ ചികിത്സാവിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സംവിധാനം പ്രയോജനപ്രദമാവും.
പുതുതായി നിര്‍മാണം ആരംഭിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് 51000 ച.അടി വിസ്തീര്‍ണ്ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. നാല് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ കാര്‍ പാര്‍ക്കിംഗ്, അത്യാഹിത വിഭാഗം, ഐസലോഷന്‍ വാര്‍ഡ്, മൈനര്‍ ഒറ്റി, പ്ലാസ്റ്റര്‍ റൂം, ഡോക്ടേഴ്‌സ് റൂം, നേഴ്‌സസ് റൂം, ഫാര്‍മസി, ഡൈനിംഗ്‌റൂം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതാതായി നിര്‍മാണം ആരംഭിക്കുന്ന ഒപി ബ്ലോക്ക് 31200 ച.അടി വിസ്തീര്‍ണ്ണത്തില്‍ 22.16 കോടി രൂപ ഉപയോഗിച്ച് നാല് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഒപി മുറികള്‍, മൈനര്‍ ഒറ്റി വാര്‍ഡുകള്‍, ഒബ്‌സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, സൗകര്യം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റ് സൗകര്യവും ഒരുക്കും.
ശബരിമല തീര്‍ഥാടകരുടെയും ആശ്രയമായ ഈ ആശുപത്രിയുടെ വികസനപ്രവര്‍ത്തികള്‍ക്ക് അതിനനുസൃതമായ പ്രാധാന്യമാണ് നല്‍കിവരുന്നതെന്നും സമയബന്ധിതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനറല്‍ ആശുപത്രിയുടെ ലോഗോ അനാച്ഛാദനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേന്ദ്രഫണ്ടില്‍ നിന്ന് ലഭ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ആന്റോ ആന്റണി എംപി പറഞ്ഞു. സമയബന്ധിതമായി തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ എ. ഷിബു, ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ.ജെ റീന, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, പിഡബ്‌ള്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമ, നഗരസഭാംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.