ഡല്‍ഹി: സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി നാനികസേനയുടെ കപ്പല്‍ സുഡാന്‍ തീരത്ത് അടുത്തു. ഐഎന്‍എസ് സുമേധയാണ് സുഡാന്‍ തീരത്ത് എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യോമസേനയുടെ രണ്ട് സി 130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ എത്തി. വിദേശ പൗരന്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ സുഡാന്‍ സൈന്യം അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയും രക്ഷാ ദൗത്യം ആരംഭിച്ചിരിക്കുന്നത്.
അതേസമയം സുഡാനില്‍ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര സഹായം തേടി വെടിവെപ്പില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. ഖര്‍ത്തൂമിലെ ഫ്ലാറ്റില്‍ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സുഡാനില്‍ സൈനികരും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് മലയാളിയായ സെക്യൂരിറ്റി ഓഫീസര്‍ വെടിയേറ്റ് മരിച്ചത്.