തിരുവനന്തപുരം : മില്‍മ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പാസാക്കിയ ക്ഷീരസംഘം സഹകരണബില്ലും ഗവര്‍ണര്‍ പിടിച്ചുവെച്ചു. സംസ്ഥാന ഭരണസംവിധാനമുപയോഗിച്ച് സഹകരണ സംഘം ഭരണത്തില്‍ പിടിമുറുക്കുന്നതിനുള്ള നടപടിയായാണ് ഈ നിയമനിര്‍മാണത്തെ രാജ്ഭവന്‍ കാണുന്നത്. പ്രാദേശിക ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതിനിധിക്കോ സമിതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍.
ക്ഷീരകര്‍ഷകരുടെ പ്രതിനിധികള്‍ക്കല്ലാതെ അഡ്മിനിസ്ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജനാധിപത്യ തത്ത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്നാണ് ഗവര്‍ണറുടെ കാഴ്ചപ്പാട്. ബില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിനെത്തുടര്‍ന്ന് മന്ത്രി ജെ.ചിഞ്ചുറാണി രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞദിവസം കണ്ട് വിശദീകരണം നല്‍കി.
ക്ഷീരസംഘങ്ങളില്‍ അഡിമിനിസ്ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ നേരത്തേ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റര്‍ ചുമതലപ്പെടുത്തുന്നയാളിന് വോട്ടവകാശം നല്‍കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍, വോട്ടവകാശം ഒരാളെ എങ്ങനെ ചുമതലപ്പെടുത്തുമെന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. ബില്‍ അംഗീകരിക്കുമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയിട്ടുമില്ല.