തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു. നിയമവകുപ്പിലെ ആറ് അഡിഷണല്‍ സെക്രട്ടറിമാരോടാണ് നിയമവകുപ്പ് സെക്രട്ടറി കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഇംഗ്ളിഷ് പ്രസംഗം മൊഴിമാറ്റം ചെയ്തപ്പോഴാണ് തെറ്റ് കടന്നുകൂടിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും പ്രധാന ഭാഗമായ പതിനെട്ടാം ഖണ്ഡികയില്‍തന്നെയാണ് പരിഭാഷയില്‍ ഗുരുതര തെറ്റുണ്ടായത്. നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാല്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാന്‍ കഴിയില്ല എന്നാണു പരിഭാഷയില്‍ പറഞ്ഞിരുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷതയുടെ ഓരോ അംശത്തിനും എതിരാണു മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം എന്നാണ് ശരിയായ പരിഭാഷ. ഉദ്ദേശിച്ചതിന് നേരെ വിരുദ്ധമായ അര്‍ഥം വരും വിധം പരിഭാഷപ്പെടുത്തിയത് സര്‍ക്കാരിനും നിയമസഭക്കും വലിയ നാണക്കേടുണ്ടാക്കി.
തെറ്റു തിരുത്തി കുറിപ്പ് പ്രസിദ്ധീകരിക്കേണ്ടിയും വന്നു. പ്രസംഗത്തിന്റെ തര്‍ജമയില്‍ പലയിടത്തും തെറ്റുണ്ടായിയെന്നും വാക്യഘടനയിലും ശൈലിയിലും പിഴവുകള്‍ വന്നുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇംഗ്ലീഷ് പ്രസംഗം നിയമ വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറിയുടെ കീഴില്‍ ആറ് അഡീഷനല്‍ സെക്രട്ടറിമാര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു. വിവര്‍ത്തനം മുഴുവനായി ക്രോഡീകരിച്ചതിന് ശേഷം എല്ലാവരും വായിച്ചു കേള്‍ക്കും. എന്നിട്ടാണ് അന്തിമ അംഗീകാരം നല്‍കി അച്ചടിക്ക് നല്‍കുക. വീഴ്ച ഉണ്ടായിയെന്നും തിരക്ക് കൊണ്ട് സംഭവിച്ചതാണെന്നും വിശദീകരണം നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇത് സ്വീകരിക്കണോ അതോ നടപടി വേണോ എന്ന് മന്ത്രി എ.കെ.ബാലന്‍ തീരുമാനമെടുക്കും.