തിരുവനന്തപുരം: 2021ലെ സര്‍ക്കാര്‍ ഡയറിയും കലണ്ടറും അച്ചടിച്ചതില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം ഉയരുന്നു. അച്ചടിച്ചതില്‍ 40000 കലണ്ടറും 2500 ഡയറിയും കാണാനില്ലെന്നാണ് പരാതി. ഈ വര്‍ഷത്തേക്ക് ആദ്യ ഘട്ടത്തില്‍ നാല് ലക്ഷം കലണ്ടറുകളാണ് അച്ചടിച്ചത്. പിന്നാലെ 10000ഉം, തുടര്‍ന്ന് 40000ഉം കലണ്ടര്‍ കൂടി അച്ചടിക്കുന്നതിന് അച്ചടി വകുപ്പിന്റെ അപേക്ഷ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യം അച്ചടിച്ചതില്‍ നിന്ന് നാല്പതിനായിരം കലണ്ടര്‍ ചില ഉദ്യോഗസ്ഥര്‍ കടത്തി പുറത്ത് കൊണ്ട് പോയി വില്‍പ്പന നടത്തിയതായാണ് ആക്ഷേപമുയരുന്നത്. അതേസമയം പുതുവര്‍ഷം ഒരു മാസം പിന്നിട്ടിട്ടും അച്ചടി പൂര്‍ത്തിയായിട്ടുമില്ല.
കഴിഞ്ഞ വര്‍ഷം വരെ വാഴൂര്‍, മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സുകളിലായിരുന്നു കലണ്ടറുകള്‍ അച്ചടിച്ചിരുന്നത്. ഈ വര്‍ഷം മണ്ണന്തല പ്രസില്‍ മാത്രം 4.5 ലക്ഷം കലണ്ടര്‍ അച്ചടിച്ചതിലും ദുരൂഹതയുണ്ട്. നികുതികള്‍ ഉള്‍പ്പെടെ കലണ്ടര്‍ ഒന്നിന് 30.30 രൂപയാണ് വില. 4,000 അധികം കലണ്ടര്‍ അച്ചടിക്കുന്നതിന് 12 ലക്ഷത്തിലേറെ രൂപയുടെ അധികച്ചെലവാണ് സര്‍ക്കാരിന് വരുന്നത്. ആകെ1,10,000 സര്‍ക്കാര്‍ ഡയറികളാണ് അച്ചടിക്കേണ്ടത്. ഒരു ലക്ഷം ഡയറികള്‍ ഇംഗ്ലീഷിലും 10,000 എണ്ണം മലയാളത്തിലും. ഇതില്‍ മലയാളത്തിലേത് ഷൊര്‍ണൂരിലെയും, ഇംഗ്ലീഷിലേത് മണ്ണന്തലയിലെയും പ്രസിലാണ് അച്ചടിക്കുന്നത്.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ അച്ചടിച്ച 50,000 ഡയറികളില്‍ 2,500 എണ്ണമാണ് കാണാതായത്. നികുതികളുള്‍പ്പടെ 215 രൂപയാണ് ഡയറിയുടെ വില. കലണ്ടറുകള്‍ പുറത്തേക്ക് കടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അച്ചടി വകുപ്പ് ഡയറക്ടര്‍ രഹസ്യമായി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സെന്‍ട്രല്‍ പ്രസിലെ സ്റ്റോക്ക് ആന്‍ഡ് സ്റ്റോര്‍ ഡെപ്യൂട്ടി സൂപ്രണ്ടും, വെയര്‍ ഹൗസ്മാനും, കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ രണ്ട് ജീവനക്കാരും ഉള്‍പ്പെട്ടതാണ് കമ്മീഷന്‍. എന്നാല്‍ ആവശ്യപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ നല്‍കാത്തതിനാല്‍ അന്വേഷണം പാതി വഴിയില്‍ നിലക്കുകയായിരുന്നു.