തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിത കർമ്മ സേനയുടെ യൂസർ ഫീ യഥാക്രമം നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിട നികുതിയിൽ കുടിശ്ശികയാക്കി കണക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. യൂസർ ഫീ നൽകാൻ ആളുകൾ മടി കാണിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
സംസ്ഥാനത്ത് കുടുംബശ്രീ മിഷന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഹരിത കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവമാലിന്യങ്ങളും ശേഖരിക്കുന്നതിനായി അതത് തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തകർക്ക് യൂസർ തീരുമാനിച്ച് നൽകേണ്ടതുണ്ട്. 50 രൂപ മുതൽ 100 രൂപ വരെയാണ് പ്രതിമാസ യൂസർ ഫീ ഈടാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് യൂസർ ഫീ ഈടാക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.