മഞ്ചേരി : ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരുടെ ദിവസ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനം.വ്യാഴാഴ്ച മലപ്പുറത്ത് ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ദിവസം 100 രൂപ വരെ വര്‍ധിപ്പിക്കും. 500ലധികം താല്‍ക്കാലിക ജീവനക്കാരാണ് വിവിധ വിഭാഗങ്ങളിലായി ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. വേതനം വര്‍ധിപ്പിക്കണമെന്നത് ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 2017 മുതല്‍ വര്‍ധന ഉണ്ടായിട്ടില്ല. നഴ്സിങ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, സുരക്ഷാ ജീവനക്കാര്‍, ലാബ് അസിസ്റ്റന്റ്, ഫാര്‍മസി, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒട്ടേറെ വിഭാഗം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. മെഡിക്കല്‍ കോളജ് വികസനത്തിനു സൗജന്യമായി സ്ഥലം കിട്ടാനുണ്ടെങ്കില്‍ അതു സംബന്ധിച്ച സാധ്യത പഠനം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണയായി. സൗജന്യമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കും സ്ഥലം ലഭ്യമാകാനുണ്ടെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനാലാണ് തീരുമാനം.
സ്ഥലത്തിന്റെ സര്‍വേ നമ്ബര്‍, ഉടമസ്ഥര്‍, ലൊക്കേഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരം അടുത്ത യോഗത്തില്‍ അറിയിക്കുന്ന പക്ഷം അക്കാര്യം സര്‍ക്കാരിനു സമര്‍പ്പിക്കും. 25 ഏക്കര്‍ സൗജന്യമായും 25 ഏക്കര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കും ലഭിക്കാനുണ്ടെന്ന് മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ആശുപത്രി വിശാലമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കോളജില്‍ നിര്‍മാണം നടക്കുന്ന മരാമത്ത് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യു.എ. ലത്തീഫ് എം.എല്‍.എ, കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സജിത്, സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.