കൊരട്ടി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ 90 പവന്റെ സ്വര്‍ണാഭരങ്ങളും പണവും തട്ടിയെടുത്ത യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട് വീട്ടില്‍ അബ്ദുള്‍ ജലീല്‍ (24) ആണ് അറസ്റ്റിലായത്. 80,000 രൂപയാണ് ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
കൊരട്ടിയിലുള്ള യുവതിയെ 2019ലാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇയാള്‍ പരിചയപ്പെട്ടത്. എന്നാല്‍ സൗഹൃദം ചൂഷണം ചെയ്യുകയായിരുന്നു ഇയാള്‍ . മോര്‍ഫ് ചെയ്ത് സ്ത്രീയുടെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലാണ് പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുത്തത്. ഒടുവില്‍ ഭര്‍ത്താവും രണ്ടു മക്കളുമുള്ള യുവതി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇപ്പോള്‍ ചാവക്കാട് താമസിക്കുന്ന അബ്ദുള്‍ ജലീലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.