തിരുവനന്തപുരം : സര്‍ക്കാരിന്റെ വര്‍ഗീയപ്രീണനത്തിനും ഏകാധിപത്യത്തിനുമെതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശക്തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പി.ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇപ്പോഴും സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ ശക്തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി മറ്റ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ആലപ്പുഴയിലെ സംഭവവികാസങ്ങളും സര്‍ക്കാരിന് തിരിച്ചടിയായി. എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി. കെ.സുരേന്ദ്രന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.
ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകള്‍ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.