കൊട്ടാരക്കര : അഞ്ച് വര്‍ഷമായി ഒറ്റ അധ്യാപകരുമില്ലാതെ ഒരു സര്‍ക്കാര്‍ വിദ്യാലയം. ധനകാര്യ മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമെന്ന ഖ്യാതി നേടിയ പെരുംകുളം ഗ്രാമത്തിലെ ഗവ.പി.വി.ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ഈ ഗതികേട്.
പ്രിന്‍സിപ്പലും അധ്യാപകരുമില്ലാതെ അഞ്ചുവര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത് നാട്ടുകാരുടെ കനിവിലാണ്. താത്കാലിക വേനതത്തില്‍ പഠിപ്പിച്ചവരും സൗജന്യ സേവനം നടത്തിയവരുമൊക്കെ പിന്‍മാറുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രതീക്ഷയോടെയെത്തിയ വിദ്യാര്‍ത്ഥികളാണ് വിഷമത്തിലായത്.
കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പഠനവും അവതാളത്തിലായതിന്‍റെ സങ്കടത്തിലാണവര്‍. 2015 ല്‍ ആണ് പെരുംകുളം ഗവ.പി.വി ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിച്ചത്. എന്നാല്‍ അദ്ധ്യാപകരെ നിയമിച്ചില്ല. കൂടുതല്‍ കെട്ടിടങ്ങള്‍, അത്യാധുനിക ലാബുകള്‍, കമ്പ്യുട്ടര്‍ ലാബുകളടക്കം അനുബന്ധ സംവിധാനങ്ങളൊക്കെ ഘട്ടംഘട്ടമായെത്തി.
വലിയ പ്രതീക്ഷയോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടെ ഹയര്‍ സെക്കന്‍ഡറിക്ക് ചേര്‍ത്തത്. എന്നാല്‍ അന്നുമുതല്‍ താത്കാലിക അദ്ധ്യാപകരെ നിയോഗിച്ചാണ് ക്ളാസ് എടുത്തിരുന്നത്. കൊവിഡ് പശ്ചാത്തലമെത്തിയപ്പോള്‍ താത്കാലിക അദ്ധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ സംവിധാനമില്ലാതെയായി. നേരത്തെ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തതിന്‍റെ വേതനം കൊടുക്കാനുമുണ്ട്. അധ്യാപകരില്ലാത്ത സ്കൂളില്‍ കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളും മടിച്ചു. ഇതോടെ സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം നിലനിര്‍ത്തിയെങ്കില്‍ മാത്രമേ അദ്ധ്യാപക നിയമനം നടത്താന്‍ കഴിയുള്ളൂവെന്നാണ് സര്‍ക്കാര്‍ ചട്ടം. അധ്യാപകരില്ലാത്ത സ്കൂളില്‍ കുട്ടികള്‍ കുറയുന്നതുമൂലം ഈ പ്രതിസന്ധി മറികടക്കാനും കഴിയുന്നില്ല. ഇപ്പോള്‍ മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ പ്രയോജനപ്പെടുത്തി വളരെ പരിമിതമായിട്ടാണ് ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്. രണ്ടാം വര്‍ഷ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോള്‍.
ഹയര്‍ സെക്കന്‍ന്‍ററി പ്രവേശനത്തിന് നാളടുക്കുന്നതിനാല്‍ ഇക്കുറിയും അധ്യാപക നിയമനം നടന്നില്ലെങ്കില്‍ കുട്ടികള്‍ കുറയുമെന്നാണ് ആശങ്ക. ജില്ലയില്‍ ഒരു സ്കൂളിന് മാത്രമാണ് ഇത്തരമൊരു ഗതികേട്. മൈലം ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഗതികേട് മാറ്റാന്‍ സര്‍ക്കാര്‍ വ്യവസ്ഥകളില്‍ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ലക്ഷങ്ങള്‍ മുടക്കി ലാബുകള്‍ സജ്ജീകരിച്ചതും പ്രവര്‍ത്തനമില്ലാതെ നശിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ലാബ്, പ്രാക്ടിക്കല്‍ ക്ളാസുകള്‍ പ്രധാനമാണ്. കൊവിഡിന് ശേഷവും അധ്യാപകരോ ലാബ് അസിസ്റ്റന്‍റുമാരോ ഇല്ലാതെ പ്രാക്ടിക്കല്‍ ക്ലാസുകളെടുക്കാന്‍ കഴിയില്ല.