തിരുവനന്തപുരം : സംസ്ഥാനത്തു ജലക്ഷാമം ഉള്ള പ്രദേശത്തു ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണത്തിനു ലക്ഷങ്ങൾ ചെലവിടാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സർക്കാർ അനുമതി. എന്നാൽ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പണം നൽകുമ്പോൾ ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരസ്പരം പരിശോധിച്ചു പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ സുതാര്യത ഉറപ്പാക്കണം. അതായത് കുടിവെള്ളം വിതരണം ചെയ്തുവെന്നു പറയുന്ന സ്ഥലത്തേക്കു ടാങ്കർ ലോറി പോയിട്ടുണ്ടോ എന്നു ജിപിഎസ് ലോഗ് ഉപയോഗിച്ചു പരിശോധിക്കണം. സംസ്ഥാനത്തു ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനു തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇത്തരം മാർഗനിർദേശങ്ങളുള്ളത്.
പഞ്ചായത്തുകൾക്ക് മാർച്ച് 31നു മുൻപ് പരമാവധി അഞ്ചര ലക്ഷം രൂപ വരെ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ ചെലവിടാം. നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് 16.5 ലക്ഷം രൂപയും ചെലവിടാം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ കൂടുതൽ തുക ചെലവിടാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിൽ കുടിവെള്ള വിതരണത്തിനായി പഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപ, നഗരസഭകൾക്ക് 16.5 ലക്ഷം, കോർപ്പറേഷനുകൾക്ക് 22 ലക്ഷം രൂപ എന്നിങ്ങനെ പരമാവധി ചെലവഴിക്കാനാണ് അനുമതി.
ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയും ജനങ്ങൾക്കു സൗകര്യപ്രദമായ സമയത്തും ആവശ്യത്തിന് അനുസൃതമായും വേണം വിതരണം നടത്തേണ്ടത്. ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകൾ വഴിയും വിതരണം നടത്താം. ജില്ലാതല റവന്യൂ അധികൃതർ വിതരണം നിരീക്ഷിക്കണം. ജിപിഎസ് നിരീക്ഷണത്തിനുള്ള സംവിധാനം തദ്ദേശവകുപ്പ് ജില്ലാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തണം. ഇപ്രകാരമുള്ള കുടിവെള്ള വിതരണം സംബന്ധിച്ച് തദ്ദേശ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ച കൂടുമ്പോൾ ജില്ലാ കളക്ടർമാർക്കു റിപ്പോർട്ടു നൽകണം.