കോട്ടയം : കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫ് ഇക്കുറി 24ലേക്ക് ചുരുങ്ങി. രണ്ട് പഞ്ചായത്തുകളില്‍ ബിജെപി ഭരണം ഉറപ്പിച്ചു. നാലിടത്ത് നറുക്കെടുപ്പിലൂടെ ആകും ഭരണകക്ഷിയെ തെരഞ്ഞെടുക്കുക. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 23 ഇടങ്ങളില്‍ മാത്രമായിരുന്നു കഴിഞ്ഞതവണ ഇടതുഭരണം.
എന്നാല്‍ കേരള കോണ്‍ഗ്രസ് എം എത്തിയതോടെ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് ഇക്കുറി ഉണ്ടാക്കിയത്. അന്‍പതിനടുത്ത് ഇടങ്ങളില്‍ ഭരണം പിടിക്കാന്‍ ആകുമെന്നാണ് ഇടത് പ്രതീക്ഷ. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 10 ഇടങ്ങളില്‍ ഭരണം ഉറപ്പാക്കി.
44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫിന് ഇക്കുറി ലഭിച്ചത് 24 പഞ്ചായത്തുകള്‍ മാത്രമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്ത് മാത്രമാണ് യുഡിഎഫ് ഭരണം. പള്ളിക്കത്തോട് പഞ്ചായത്തില്‍ ബിജെപി ഭരണം ഉറപ്പാക്കി. മുത്തോലി പഞ്ചായത്തില്‍ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. മാഞ്ഞൂര്‍, ഭരണങ്ങാനം, മുളക്കുളം തുടങ്ങി, മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെ ആകും ഭരണം നിശ്ചയിക്കപ്പെടുക.